
സമനിലയോടെ ആരംഭം
ബൊഡൂസ കപ്പിലെ മിന്നും വിജയത്തിന് ശേഷം നിറച്ചും പ്രതീക്ഷയൊടായിരുന്നു ലുക്കാ സോക്കർ ക്ലബ് കെ പി എല്ലിന് ബൂട്ട് കെട്ടിയത്. കേരള പ്രീമിയർ ലീഗിൽ ലൂക്കയുടെ ആദ്യ എതിരാളികൾ എഫ് സി കേരള. നിറച്ചും പ്രതീക്ഷയോടാണ് നീലപോരാളികൾ ഇ എം സ് സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്. നിരവധി ചാൻസുകൾ സൃഷ്ടിച്ചു എങ്കിലും അതൊന്നും മുതലാക്കാനാവാതെ ഗോളില്ലാത്ത സമനില വഴങ്ങേണ്ടി വന്നു.
കോവിഡ് ബ്രേക്കിനുശേഷം എഫ് സി അരീക്കോടുമായിട്ട് അങ്കം ജയിക്കണമെന്ന് ഉറച്ച തീരുമാനത്തിൽ ഇറങ്ങിയ നീല പടയ്ക്കു മൂന്നാം മിനുറ്റിൽ തന്നെ ഗോൾ നേടാൻ സാധിച്ചു. നിരവധി തവണ അരീക്കോടിന്റെ ഗോൾ വലയം ആക്രമിച്ചെങ്കിലും ഗോളുകളുടെ എണ്ണം കൂട്ടാനായില്ല. ചാൻസുകൾ നഷ്ടപ്പെടുത്തിയത് രണ്ടാം പകുതിയിൽ തിരിച്ചടിയായി. അറുപത്തി ഒന്നാം മിനുറ്റിൽ അരീക്കോട് ഒരു ഗോൾ മടക്കി.
ജയത്തിനായുള്ള പരിശ്രമത്തിന് തടയിട്ട് ഫൈനൽ വിസിലും മുഴങ്ങി. രണ്ടു കളിയിൽ രണ്ടു പോയിന്റ് ശേഖരിച്ച ലൂക്കാ സോക്കർ ക്ലബ്ബിന്റെ നില പരുങ്ങലിലായി.
ആദ്യജയം
രണ്ടു സമനിലകളോടെ കെ പി ൽ സീസൺ ആരംഭിച്ച നീലപ്പടയ്ക്ക് ജയം അനിവാര്യമായി.ആ സന്ദർഭത്തിൽ മലപ്പുറത്തെ റിയൽ മലബാറുമായി കോഴിക്കോടിൽ വച്ച് ഒരു ഡെർബി ഏറ്റുമുട്ടൽ. ഒന്നാം പകുതിയുടെ അവസാന നിമിഷങ്ങളിൽ പി വി വിഷ്ണുവിലൂടെ ലീഡ് എടുത്ത ലൂക്കയ്‌ക്ക് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല.രണ്ടാം പകുതി തുടങ്ങി പതിനഞ്ച് മിനുട്ടിനുള്ളിൽ രണ്ടു ഗോളുകൾ കൂടി നേടി പോയിന്റ് പട്ടികയിൽ ലൂക്കാ മുന്നേറി.
തോൽവികളുടെ തിരിച്ചടി
ആദ്യജയം സീസണിന്റെ ഉയർത്തെഴുനേൽപ്പിന് മുന്നോടിയാകുമെന്ന ചിന്ത പടർന്നു തുടങ്ങുമ്പോൾ തന്നെ ലൂക്കയ്‌ക്ക് തിരിച്ചടി നേരിട്ടു.വമ്പന്മാരായ സാറ്റ് തിരൂരിനെ പിടിച്ചു കെട്ടാൻ നീലപ്പടയ്ക്ക് സാധിച്ചില്ല.തൃശ്ശൂരിൽ നടന്ന പോരാട്ടത്തിൽ മറുപടി ഇല്ലാത്ത മൂന്ന് ഗോളുകൾക് ലൂക്കാ മുട്ടുമടക്കി.ശക്തരായ കേരള പോലീസായിരുന്നു അടുത്തത്.ആദ്യ പകുതിയുടെ അവസാനം ഫ്രീകിക്കിൽ നിന്നും വന്ന ക്രോസ്സിലൂടെ കേരളാ പോലീസ് ലീഡ് നേടിയെടുത്തു.എന്നാൽ പോരാട്ട വീര്യം നഷ്ടപ്പെടാത്ത ലുക്കാ സിബിൽ സി കെ യുടെ തകർപ്പൻ ഷോട്ടിലൂടെ ഒപ്പമെത്തി.

സമനിലയോടെ ടീമിന് അഞ്ചു കളിയിൽ ആറു പോയിന്റ്.
യുവതാരങ്ങളുടെ ശക്തിയിൽ പോരാടുന്ന പറപ്പൂർ എഫ് സി ക്കെതിരെ ആയിരുന്നു അടുത്ത അങ്കം. ആവേശം നിറഞ്ഞ പോരാട്ടം പറപ്പൂരിലെ പിള്ളേർ ചാക്കിലാക്കി.മറുപടി ഇല്ലാത്ത രണ്ടു ഗോളുകൾക് ലുക്കാ തോൽവി നേരിട്ടു.തൃശ്ശൂരിൽ നിന്ന് എതിരേറ്റ തോൽവി അടുത്ത കളിയിലെ ജയത്തോടെ മറികടക്കാനുള്ള ശ്രമം ബാസ്കോ ഒതുക്കുങ്ങലും തടയിട്ടു.
നവാസ് കോച്ചിന്റെ അഭാവത്തിൽ ഇറങ്ങിയ ലുക്കാ ഒന്നാം പകുതിയുടെ തുടക്കത്തിൽ തന്നെ രണ്ട് ഗോൾ മേടിച്ചു.ഗോൾ മടക്കാനായി ലഭിച്ച അവസരങ്ങൾ മുതലാക്കാനാവാതെ ലുക്കാ മൂന്നാം തോൽവിയും വഴങ്ങി.കഴിഞ്ഞ നാല് മത്സരങ്ങളിൽ വെറും ഒരു പോയിന്റ് നേടിയ മലപ്പുറം ടീമിന് റെലഗേഷന് സാധ്യത വർധിച്ചു.
പ്രതികാരം തീർത്ത വിജയകുതിപ്പ്
റെലഗേഷൻ സാധ്യത കൂടിയിരിക്കെ ആയിരുന്നു തൃശ്ശൂരിൽ വെച്ച് ഗോകുലം കേരളയുമായുള്ള പോരാട്ടം.കഴിഞ്ഞ സീസണിൽ അതെ ടീമിനോടേറ്റ തോൽവിയുടെ പാടുകൾ മായാതെ കിടപ്പുണ്ടായിരുന്നു.പ്രതികാരത്തിന്റെ ചൂടിൽ രണ്ടാം മിനുട്ടിൽ ബിബിൻ ബോബന്റെ ഫ്രീകിക്ക് ഗോകുലം കാക്കുന്ന വല കുലുക്കി.കളിയുടെ ഒന്നാം പകുതിയിൽ തന്നെ ഗോകുലം ഒപ്പം എത്തിയെങ്കിലും പി വി വിഷ്ണുവിന്റെ അടുപ്പിച്ചുള്ള രണ്ട് ഗോളുകളിലൂടെ ലുക്കാ ലീഡ് ഉയർത്തി.
രണ്ടാം പകുതിയിൽ ശക്തമായി ആക്രമിച്ച ഗോകുലത്തിനു പക്ഷെ ഒരു ഗോൾ മാത്രമേ തിരിച്ചടിക്കാൻ കഴിഞ്ഞട്ടുള്ളു.വിലപ്പെട്ട മൂന്ന് പോയിന്റ് നേടിയ ഞമ്മളെ ടീമിന് അടുത്ത എതിരാളികൾ റെലഗേഷൻ ഭീതി നേരിടുന്ന വേറെ ടീമായ ഐഫ ആയിരുന്നു. പോയിന്റ് നിലയിൽ താഴെ തട്ടിലുള്ള ടീമായിട്ടും ശക്തമായ വെല്ലുവിളി ഐഫ മുന്നോട്ടു വെച്ചു. എന്നാൽ മിന്നും ഫോമിലുള്ള വിഷ്ണുവിന്റെ ഗോളിൽ തുടർച്ചയായ രണ്ടാം വിജയം ലുക്കാ കരസ്ഥമാക്കി.
കലാശപ്പോരാട്ടം
സീസൺ ശക്തമായി അവസാനിപ്പിക്കാൻ ഉള്ള അന്തിമ അങ്കം വയനാട് യൂണൈറ്റഡുമായിട്ടായിരുന്നു.യുവതാരങ്ങളെ വച്ച് അണിനിരന്ന ലുക്കാ ലീഡ് വഴങ്ങി എങ്കിലും ടോപ് സ്കോറെർ പി വി വിഷ്ണുവിലൂടെ ഒന്നാം പകുതി അവസാനിക്കും മുന്നേ ഒപ്പമെത്തി.സമനിലയോടെ ഗ്രൂപ്പ് എയിൽ പതിമൂന്നു പോയിന്റുമായി ആറാമതായി. റെലഗേഷൻ ഒഴിവായെങ്കിലും നിരാശ പകരുന്നത് ആയിരുന്നു അന്തിമ സ്ഥാനം.