കേരളാ വനിതാ ഫുട്‌ബോള്‍ ലീഗില്‍ മലപ്പുറം ലൂക്ക സോക്കര്‍ ക്ലബ്ബും കോഴിക്കോട് കടത്തനാട് രാജാസ് ഫുട്‌ബോള്‍ അക്കാദമിയും തമ്മിലുള്ള മത്സരം. കളിയുടെ എണ്‍പത്തിമൂന്നാം മിനിറ്റില്‍ വലത് വിങ്ങിലൂടെ നീട്ടിനല്‍കിയ പന്ത് ലൂക്ക യുടെ പന്ത്രണ്ടാം നമ്പര്‍ താരത്തിന്റെ മുന്നിലേക്കെത്തുമ്പോള്‍ തൊട്ടടുത്തായി നിഴല്‍ പോലെ എതിരാളിയുമുണ്ടായിരുന്നു. ഫിനിഷിങ് ലൈനിലേക്കടുക്കുന്ന ഒരു സ്പ്രിന്ററെ പോലെ തീര്‍ത്തും അപ്രതീക്ഷിതമായ ആറ് ലോങ് സ്‌ട്രൈഡുകള്‍. ആ കുതിപ്പില്‍ ഡിഫന്‍ഡറെ ഒരു കയ്യകലം പിന്നിലാക്കി പെനാല്‍റ്റി ബോക്‌സിനകത്ത് പന്തിന് തൊട്ടടുത്ത്. രക്ഷപ്പെടുത്താനായി മുന്നിലേക്ക് ഓടിക്കയറിയ ഗോളിയെ മറികടന്ന് സെക്കന്‍ഡ് ബോക്‌സിലേക്ക് നല്‍കിയ പന്തില്‍ ഒന്ന് കാല്‍വെക്കേണ്ടിയേ വന്നുള്ളു സഹതാരത്തിന്. ഗോള്‍⚽……! കളിതീരാന്‍ രണ്ട് മിനിറ്റ് അവശേഷിക്കേ കിട്ടിയ പെനാല്‍റ്റിയും ലക്ഷ്യത്തിലെത്തിച്ചതോടെ കളിയിലെ മികച്ച താരത്തിനുള്ള ട്രോഫിയും 🏆 ലൂക്ക യുടെ പന്ത്രണ്ടാം നമ്പര്‍ ജഴ്‌സിയണിഞ്ഞ ആ താരത്തെ തേടിയെത്തി.

ഇത് കണ്ണൂര്‍ കരിവള്ളൂരില്‍ നിന്നുള്ള രേവതി. കേരളാ വനിതാ ലീഗില്‍ പങ്കെടുക്കുന്ന മലപ്പുറം ലൂക്കാ സോക്കര്‍ ക്ലബ്ബിന്റെ പുതിയ സൂപ്പര്‍ താരം. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലും വിപ്ലവ ഭൂപടത്തിലും ശ്രദ്ധേയമായ ഇടമുള്ള ദേശമാണ് കണ്ണൂരിലെ കരിവള്ളൂര്‍. ജന്മി നാടുവാഴിത്തത്തിന്റെ ദുഷ്‌ചെയ്തികള്‍ക്കും അധിനിവേശ ശക്തികളുുടെ ആയുധങ്ങള്‍ക്ക് മുന്നിലും പതറാതെ പോരാടിയ ധീരയോദ്ധാക്കളുടെ നാട്. അവിടെ നിന്നും കാല്‍പന്തിന്റെ പോരാട്ട ഭൂമികകളില്‍ നേട്ടങ്ങളാല്‍ സ്വയം അടയാളപ്പെടുത്തി തുടങ്ങുകയാണ് ഈ ഇരുപതുകാരി. അതിന്റെ സാക്ഷ്യപ്പെടുത്തലാണ് ടൂര്‍ണ്ണമെന്റില്‍ കളിക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ തന്നെയുള്ള കളം നിറഞ്ഞ പ്രകടനം. ഒരു അസിസ്റ്റും ഒരു ഗോളുമായി കേരളാ വനിതാ ലീഗിലെ ലൂക്ക യുടെ ആദ്യത്തെ ജയത്തില്‍ തന്നെ മിന്നുംപ്രകടനവുമായി സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്നിരിക്കുന്നു രേവതി.

എട്ടാം ക്ലാസ്സ് വരെ അത്‌ലറ്റിക് താരമായിരുന്നു രേവതി. സ്പ്രിന്റ് ഇനങ്ങളിലും ലോങ്ജംപുമായിരുന്നു പങ്കെടുത്തിരുന്ന ഇനങ്ങള്‍. സബ്ജൂനിയര്‍ തലത്തില്‍ 100 മീറ്ററില്‍ ജില്ലാതല വിജയിയായി സംസ്ഥാന തല മത്സരത്തില്‍ വരെ പങ്കെടുത്തിരുന്നു. ഒന്‍പതാം ക്ലാസ്സില്‍ കാസര്‍കോഡ് നീലേശ്വരം ജിഎച്ച്എസ്എസില്‍ എത്തിയതോടെയാണ് അത്‌ലറ്റിക്‌സ് വി്ട്ട് ഫുട്‌ബോളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. അതിന് ഫലവുമുണ്ടായി. വൈകാതെ കാസസര്‍ക്കോട് ജില്ലാ ടീമിലും ഇടം കണ്ടെത്താനായി. പത്താം തരം കഴിഞ്ഞ് പ്ലസ്സ് വണ്ണിന് കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്‌കൂളില്‍ എത്തിയതോടെ രേവതി യിലെ ഫുട്‌ബോളര്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിച്ചു. പ്ലസ്സ് വണ്ണിന് പഠിക്കുമ്പോള്‍ ആദ്യമായി കേരളാ ടീമില്‍ ഇടം കണ്ടെത്തി. U- 17 ഖേലോ ഇന്ത്യാ ഫുട്‌ബോള്‍ മത്സരത്തിനുള്ള കേരളാ ടീമിലാണ് സെലക്ഷന്‍ കിട്ടിയത്. തൊട്ടടുത്ത് വര്‍ഷം നടന്ന U-19 നാഷണല്‍ ്‌സ്‌കൂള്‍സ് ചാമ്പ്യന്‍ഷിപ്പിലുള്ള കേരളാ ടീമിലേക്കും വിളിയെത്തി. ആധ്രാപ്രദേശില്‍ നടന്ന ആ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാം സ്ഥാനത്തായിരുന്നു.

പിന്നാലെ സംസ്ഥാന സീനിയര്‍ വുമണ്‍സ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പത്തനംതിട്ട ജില്ലയ്ക്ക് വേണ്ടിയും കളിച്ചു. മൂന്നാം സ്ഥാനം നേടിയ ടീമിനായി രണ്ട് ഗോളും നേടാനായി. കോട്ടയം മാര്‍ത്തോമ്മാ കോളേജില്‍ അവസാന വര്‍ഷ ചരിത്ര വിദ്യാര്‍ത്ഥിയായ രേവതി കഴിഞ്ഞ വര്‍ഷം ഇന്റര്‍ കോളേജിയേറ്റ് ചാമ്പ്യന്മാരായ കോളേജ് ടീമിലും അംഗമായിരുന്നു. കഴിഞ്ഞ സീസണിലെ കെഡബ്ലുഎല്ലില്‍ കേരളാ യുണൈറ്റഡ് എഫ്‌സിക്ക് വേണ്ടി കളിക്കാമെന്നേറ്റതായിരുന്നു. എന്നാല്‍ പരിക്ക് വില്ലനായതോടെ വിട്ട് നില്‍ക്കേണ്ടി വന്നു. ഇത്തവണ തുടക്കത്തില്‍ തന്നെ സെലക്ഷന്‍ ട്രയല്‍സിലൂടെ ലൂക്ക യുടെ സ്‌കോഡില്‍ ഇടം കണ്ടെത്തിയ രേവതി ക്ലബ്ബിനായുള്ള രണ്ടാമത്തെ കളിയില്‍ തന്നെ തന്റെ സെലക്ഷനെ ന്യായീകരിക്കുന്ന പ്രകടനവുമായി സ്വയം അടയാളപ്പെടുത്തിയിരിക്കുന്നു.

മുമ്പ് അത്‌ലറ്റ് താരമായിരുന്നത് കൊണ്ട് തന്നെ കളത്തിനകത്തെ വേഗത തന്നെയാണ് രേവതി യുടെ മാസ്റ്റര്‍ പീസ്. പന്തുമായുള്ള അസാമാന്യ വേഗതയാല്‍ പലപ്പോഴും എതിരാളിയെ നിഷ്പ്രയാസം ബീറ്റ് ചെയ്യാന്‍ രേവതിക്കാവുന്നു. കൂടാതെ ഇരുകാല് കൊണ്ടും ഒരുപോലെ അനായാസം പന്ത് തട്ടാനാവും എന്നുള്ളതും രേവതിയെ മറ്റ് കളിക്കാരില്‍ നിന്നും വ്യത്യസ്തമാക്കുന്ന ഘടകങ്ങളാണ്. ബോള്‍ കണ്‍ട്രോളും സ്പീഡും ഒന്നാന്തരം ഫിനിഷിങ്ങുമാണ് രേവതിയുടെ പ്ലസ്സ് പോയന്റ്‌റുകളെന്ന് പരിശീലകന്‍ വിനോദും സാക്ഷ്യപ്പെടുത്തുന്നു. ഒരു പ്രൊഫഷനല്‍ താരത്തിനുള്ള ശൈലിയാണ് രേവതിയുടേത്് എന്നും ഇനിയും ഉയരങ്ങള്‍ കണ്ടെത്താന്‍ സാധിക്കുന്ന പ്രതിഭയാണെന്ന് ടീം മാനേജര്‍ നിസാറും അടിവരയിടുന്നു.

ഒരു സാധാരണ കുടുംബത്തില്‍ നിന്നാണ് രേവതിയുടെ വരവ്. അച്ഛന്‍ പ്രദീപിന് ആശാരിപ്പണിയാണ്. അമ്മ സബിത തൊഴിലുറപ്പിന് പോകുന്നു. ചേച്ചി കല്യാണം കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം കഴിയുന്നു. ചെറുപ്പത്തില്‍ ഫുട്‌ബോള്‍ കളിക്കുമായിരുന്ന പ്രദീപ് പിന്നീട് ജീവിതം കരുപിടിപ്പിക്കാന്‍ ഉളിയും ചുറ്റികയും കയ്യിലെടുക്കുകയായിരുന്നു. തനിക്ക് കഴിയാതെ പോയത് മകളിലൂടെയെങ്കിലും സാധ്യമാകണം എന്ന ഒരു പിതാവിന്റെ തീവ്രമായ ആഗ്രഹം കൂടിയാണ് രേവതിയുടെ വളര്‍ച്ചക്ക് കാരണം. അച്ഛന്‍െ പ്രോത്സാഹനവും പിന്തുണയുമാണ് തന്റെ വിജയങ്ങള്‍ക്കെല്ലാം നിദാനം എന്ന രേവതിയും ആണയിടുന്നു. കളിയുടെ നല്ല ആസ്വാദകനും വിമര്‍ശകനും അച്ഛന്‍ തന്നെയാണ്. ഓരോ മത്സരവും കഴിയുമ്പോള്‍ ഫോണിലൂടെ ആദ്യം നല്ല രീതിയില്‍ കളിച്ചു എന്ന് പറയും. പിന്നീട് നേരിട്ട് കാണുമ്പോള്‍ തെറ്റുകള്‍ ഒരോന്നായി വിശദമാക്കി തരും. അടുത്ത കളിയില്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പുമുണ്ടാവും.

അമേരിക്കന്‍ വനിതാ ഫുട്‌ബോള്‍ ഇതിഹാസം അലക്‌സ് മോര്‍ഗന്റെ കടുത്ത ആരാധികയാണ് രേവതി. അലക്‌സിയെപ്പോലെ പതിനാലാം വയസ്സിലാണ് രേവതിയും ഫുട്‌ബോള്‍ സീരിയസ്സായി തട്ടിതുടങ്ങുന്നത്. വളര്‍ന്ന് വരുന്ന ഏതൊരു താരത്തെയും പോലെ തന്നെ സീനിയര്‍ ലെവലില്‍ രാജ്യത്തിനായി ഒരിക്കലെങ്കിലും കളിക്കാനാവുക എന്നത് തന്നെയാണ് രേവതിയുടെ ആത്യന്തിക ലക്ഷ്യം. ഒരിക്കല്‍ രാജ്യത്തിനായി അലക്‌സിനെപ്പോലെ ഗോളടിച്ച് കൂട്ടണമെന്ന് രേവതിയും ആഗ്രഹിക്കുന്നു. അത് എളുപ്പത്തില്‍ സാധ്യമാവുന്ന ഒന്നല്ല എന്ന യാഥാര്‍ത്ഥ്യവും രേവതി തിരിച്ചറിയുന്നുണ്ട്. എങ്കിലും കേരളാ ജഴ്‌സിയെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായത് പോലെ ഇന്ത്യന്‍ ജഴ്‌സിയും തന്നെ തേടിയെത്തും എന്ന് രേവതി വിശ്വസിക്കുന്നു. എളുപ്പവഴികളില്ലാത്ത ആ ലക്ഷ്യത്തിലേക്ക് ഒരു സ്പ്രിന്ററെപോലെ ഓടിയെത്താന്‍ തന്നെയാണ് രേവതിയുടെ ശ്രമം.

✍🏼 വിബീഷ് വിക്രം

admin
September 1, 2022
loader